കെ. ബീരാന്‍ കുട്ടി മാസ്റ്റര്‍
കീഴുപറമ്പിന്റെ മത,സാമൂഹിക,സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധയമായ സംഭാവനകള്‍ നല്‍കിയ വ്യക്തി ത്വങ്ങളിലാരാളാണ് ബീരാന്‍ കുട്ടി മാസ്റ്റര്‍. 1932-ലാണ് ജനനം.പിതാവ് കോളക്കോടന്‍ കുനിയന്‍ കുന്നത്ത് മൊയ്‌തീന്‍. മാതാവ് അടങ്ങുംപുറവന്‍ ഫാത്വിമ 1954-ല്‍ മലപ്പുറത്ത് നിന്ന് ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് പാസായി അധ്യാപകനായി. 30 വര്‍ഷത്തിലധികം കീഴുപറമ്പ് പള്ളിക്കുന്ന ജി.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ച ശേഷം 1990-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. കോളക്കോടന്‍ കുടുംബത്തിലെ ആദ്യ സര്‍ക്കാര്‍ അധ്യാപകനാണ്. 1958-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുത്തു. കീഴുപറമ്പിലും പരിസരത്തും സംഘടന കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. കീഴുപറമ്പിലേക്ക് റോഡ് നിര്‍മിക്കാന്‍ കമ്മിറ്റി രൂപവത്‌കരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം ചുരോട്ട ജുമുഅത്ത് പള്ളിയുടെ സെക്രട്ടറിയായിരുന്നു. കീഴുപറമ്പിലെ അല്‍ മദ്‌റസത്തില്‍ ഇസ്‌ലാമിയ്യയുടെ നടത്തിപ്പിലും യു.പി സ്‌കൂള്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്താനുള്ള യത്‌നത്തിലും പങ്കാളിയായി. 2004 ഫെബ്രുവരി 11-ന് അന്തരിച്ചു. `എന്റെ ജീവിതകഥ' എന്ന പേരില്‍ ആത്മകഥാ കുറിപ്പുകള്‍ മരണശേഷം കുടുംബാംഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോളക്കോടന്‍ കടംപള്ളിയാളി മുഹമ്മദ് കുട്ടി
ആധാരമെഴുത്ത്, ഭൂമി രജിസ്‌ട്രേഷന്‍പോലുള്ള വ്യവഹാരങ്ങളില്‍ അഗ്രഗണ്യനും പൊതുകാര്യപ്രവര്‍ത്തക നുമായിരുന്നു കടംപള്ളിയാളി മുഹമ്മദ് കുട്ടി. 1930 ഏപ്രില്‍ 25-ന് മൊയ്‌തീന്‍ കുട്ടിയുടെയും ഇത്തെമകുട്ടിയുടെയും മൂന്നാമത്തെ മകനായി ചെറിയ പിച്ചമണ്ണില്‍ ജനനം. തൃക്കളയൂര്‍ പട്ടത്തൊടുവില്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ നാലുവരെ പഠിച്ചു. വിദ്യാഭ്യാസത്തോട് പൊതുവെ വിമുഖത കാണിച്ചിരുന്ന അക്കാലത്ത് ഉയര്‍ന്ന വിദ്യാഭ്യാസം തന്നെയായിരുന്നു അത്. ബദര്‍ കിസ്സപാട്ടും മൗലൂദുമൊക്കെ സദസ്സുകളില്‍ പാടുമായിരുന്നു. സ്ലേറ്റും പുസ്‌തകവും വാങ്ങിക്കൊടുത്ത പാവപ്പെട്ട കുട്ടികളെ സ്‌കൂളില്‍ പോകാന്‍ പ്രേരിപ്പിച്ചു. കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 22-ാം വയസ്സില്‍ പഴങ്കല്‍ ബീരാന്‍ കുട്ടി യുടെ മകള്‍ പാത്തുമ്മയെ വിവാഹം ചെയ്‌തു. പറമ്പ് വില്‍പന, അളവ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നല്ല വിവരമായിരുന്നു. ഇക്കാര്യങ്ങള്‍ക്കെല്ലാം നാട്ടുകാര്‍ സഹായത്തിനായി മുഹമ്മദ് കുട്ടിയെയാണ് സമീപിക്കുക. വിവാഹനേഷണത്തിലും ത്വലാഖ ചര്‍ച്ചകളിലുമെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും. കല്യാണ വീടുകളില്‍ എന്തു ഒത്താശ ചെയ്യാനും അദ്ദേഹം മുമ്പിലുണ്ടാവും- പ്രഭാതം മുതല്‍ പ്രദോഷം വരെ. സ്വന്തം ക്ഷേമത്തിലല്ല, മറ്റുള്ളവരുടെ ക്ഷേമത്തിലായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നതെന്ന് ഭാര്യ പാത്തുമ്മ പറയുന്നു. ത്യക്കളയുര്‍ മദ്‌റസ, പള്ളി, ആലുംകണ്ടി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പ്രമേഹം മൂര്‍ഛിച്ച അഞ്ചു വര്‍ഷത്തോളം വീട്ടില്‍ തന്നെയായിരുന്നു. 1993 ജൂലൈ 26-ന് അന്തരിച്ചു.
മനസില്‍ മായാതെ ജ്യേഷ്‌ഠ സഹോദരന്‍ മൂസാ സുല്ലമി.......
(കെ.കെ അബ്ദുല്‍ അസീസ് മൗലവി്)
കീഴുപറമ്പിന്റെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ മറക്കാനാവാത്ത വ്യക്തിത്വമാണ് മൂസാ സുല്ലമി. വരമ്പുറത്ത്-പാലശ്ശേരി കോളക്കോടന്‍ അബ്ദുര്‍റഹ്മാന്‍ കുട്ടി ഹാജിയുടെയും തുവ്വക്കാട് പാത്തുമ്മയുടെയും മൂത്തമകനായി 1944ല്‍ ജനിച്ചു. അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് കീഴുപറമ്പ്, കുനിയില്‍, തൃക്കളയൂര്‍, ഓത്തുപള്ളി പുറായ പ്രദേശങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന പള്ളിക്കുന്നിലെ ഹൈമദ്‌റസയില്‍ പഠിച്ചുകൊണ്ടിരിക്കെ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും പിന്നീട് 1961ല്‍ അരീക്കോട് സുല്ലമുസ്സലാമിലും ചേര്‍ന്നു. സുല്ലമില്‍നിന്നാണ് അഫ്‌ദലുല്‍ ഉലമ പൂര്‍ത്തിയാക്കിയത്. കുനിയില്‍ അന്‍വാര്‍ കോളേജില്‍ അധ്യാപകനായി. പിന്നീട് പത്തനാപുരം വി.വി.എ. യു.പി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. കുനിയില്‍ പ്രദേശത്ത് അജ്ഞതയും അന്ധകാരവും തുടച്ചുനീക്കുന്നതിന് രൂപം കൊണ്ട ഹുമാതുല്‍ ഇസ്‌ലാം സംഘത്തിന്റെ സാരഥികളായ പി.പി മുഹമ്മദ് ഹാജി, കെ.എ ജബ്ബാര്‍ മാസ്റ്റര്‍, കെ. മുഹമ്മദ് കുട്ടി മുഹമ്മദ് സുല്ലമി, കെ. ഫക്രുട്ടി മൗലവി, പി.കെ ബാവ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച സംഘത്തെ വളര്‍ച്ചയിലേക്ക് നയിച്ചു. അന്‍വാര്‍ കോളേജിന് യൂനിവേഴ്‌സിറ്റി അംഗീകാരം ലഭി ക്കുന്നതിന് യത്‌നിച്ചു. കെ.എന്‍.എം, ഐ.എസ്.എം സംഘടനകളുടെ സെക്രട്ടറി, മെമ്പര്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ മരണം വരെ തുടര്‍ന്നു. ഐ.എസ്.എം രൂപവത്‌കരണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1978 മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചു. 8 വര്‍ഷത്തോളം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് മെമ്പറാകുന്നതിന് മുമ്പ് തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നി ധ്യമായിരുന്നു. ഹര്‍ബോ മിനറല്‍ എന്ന ചികിത്സാരീതി പഠിക്കുകയും ചികിത്സിക്കുകയും ചെയ്‌തിരുന്നു. പരിപാലിക്കാന്‍ ആളില്ലാതെ, ശരീരമാകെ വ്രണമായി പഴുത്തൊലിച്ച് കിടിന്നിരുന്ന താമിത്താത്തയുടെ മകന്‍ കാത്യ എന്നയാളെ നിത്യേന കുളിപ്പിച്ച് വണങ്ങളില്‍ മരുന്നു വെച്ച് മൂസാ സുല്ലമി ശുശ്രൂഷിച്ചിരുന്ന കഥ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. പ്രശ്‌നങ്ങളിലും സംഘര്‍ഷങ്ങളിലും നീതിപൂര്‍വം ഇടപെട്ട രമ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ അതീവ മികവ് പുലര്‍ത്തി. അസൂത്രണ പാടവം, ദീര്‍ഘദൃഷ്ടി, ആത്മധൈര്യം ഇതെല്ലാം ഒത്തുചേര്‍ന്ന ഒരു മഹത് വ്യക്തിത്വമായിരുന്നു. മൂസാ ഏത് വിഷയത്തിലും അസാധ്യം എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. ഏത് പ്രശ്‌നത്തെയും ശുഭപ്രതീക്ഷയോടെ നേരിടും. വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ ആരുമായും എളുപ്പത്തില്‍ സൗഹൃദത്തിലാവുന്ന പ്രകൃതം. കോളക്കോട്-പള്ളിക്കുന്ന് റോഡ് നിര്‍മാണത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കുമായി പല രാത്രികളും അദ്ദേഹം ഉറക്കമൊഴിഞ്ഞു. പക്ഷേ, റോഡ് യാഥാര്‍ഥ്യമായപ്പോഴേക്കും അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരുന്നു. കോയമ്പത്തൂരില്‍ വെച്ച് ഒരു ബൈപാസ് ഓപറേഷനെ തുടര്‍ന്ന് 2006 ജൂണ്‍ 29-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1972 മുതല്‍ 1976 ഒക്ടോബര്‍ 7 വരെ കുനിയില്‍ അന്‍വാറില്‍ അധ്യാപകനായിരിക്കെയാണ് ഞങ്ങളുടെ സൗഹൃദം ശക്തിപ്പെട്ടത്. ആ ബന്ധം മരണം വരെ തുടരുകയും ചെയ്‌തു. പക്ഷേ, മരണ സമയത്ത് ഞാന്‍ അലിഗറിലായിരുന്നു. മരണ വാര്‍ത്തകേട്ട അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ച് ഇരുന്നുപോയി. ഞങ്ങള വിടെ വെച്ചാണ് മയ്യിത്ത് നമസ്‌ക്കാരം നിര്‍വഹിച്ചത്. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും നമ്മെയും അദ്ദേഹത്തെയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടുകയും ചെയ്യുമാറാകട്ടെ - ആമീന്‍.













