കുടുംബ ചരിത്രം

കോളക്കോടന്‍ തറവാട്‌ സ്ഥിതി ചെയ്യുന്ന കീഴുപറമ്പ്‌ കോളക്കോട്‌ പറമ്പിനു `കൊളക്കോട്‌ പറമ്പ്‌' എന്ന നികുതി രജിസ്റ്റരില്‍ പറയുന്ന മനയില്‍ കുടിയിരിപ്പ്‌ പറമ്പ്‌ എന്നാണ്‌ ഭൂരേഖയില്‍ എഴുതിക്കാണുന്നത്‌. പറമ്പിന്റെ അതിരുകള്‍ കിഴക്ക്‌- ഇടവഴി, തെക്ക്‌- മേലാപറമ്പ്‌, വടക്ക്‌-ചെറുവാലി പള്ളിയാളി, പടിഞ്ഞാറ്‌- കൊല്ലേറ്റ്‌ എടവഴി.

ഏകദേശം 1850-കളിലാണ്‌ കോളക്കോടന്‍ കുടുംബത്തിന്റെ ഉത്ഭവം. കുടുംബത്തിന്റെ മൂല വേരുകള്‍ എവിടെയാണുള്ളതെന്ന്‌ വ്യക്തമല്ലെങ്കിലും കീഴുപറമ്പില്‍ തന്നെയാകാനാണ്‌ സാധ്യത. പ്രധാനമായും അഞ്ച്‌ കാരണവര്‍മാരെയാണ്‌ അന്വേഷണത്തില്‍നിന്ന്‌ കണ്ടെത്താനായത്‌. ഇവര്‍ ജ്യേഷ്‌ഠാനുജന്മാരായിരുന്നോ എന്നത്‌ വ്യക്തമല്ല. കീഴുപറമ്പ്‌ പഞ്ചായത്തിലെ കോളക്കോട്ട്‌ എന്ന പ്രദേശത്ത്‌ ഒന്നിച്ചു താമസിക്കാന്‍ ഇടവന്നതായിരിക്കാം ഈ കാരണവന്മാര്‍ക്ക്‌ `കോളക്കോടന്‍' എന്ന കുടുംബനാമം ലഭിച്ചത്‌.

മറ്റു കുടുംബങ്ങളിലുള്ളതുപോലെ മകന്റെ മകന്‌ വല്യപ്പയുടെ പേര്‌ നല്‍കുക, മകള്‍ക്ക്‌ വല്യമ്മയുടെ പേര്‌ നല്‍കുക എന്ന സമ്പ്രദായം പഴയ ഈ കുടുംബത്തില്‍ പതിവായിരുന്നു. ഇത്‌ പ്രകാരം, കുട്ടിഹസന്‍,ബീരാന്‍ കുട്ടി, മൊയ്‌തീന്‍,മമ്മദ്‌,മമ്മദ്‌ കുട്ടി,അഹമ്മദ്‌ കുട്ടി,ഫാത്വിമ,കുഞ്ഞിപാത്തുമ്മ,ആഇശ, ഇത്തിരുമ്മ തുടങ്ങിയ പേരുകള്‍ വംശാവലിയില്‍ ആവര്‍ത്തിച്ചു വരുന്നതായി കാണാം.

ഈ കുടുംബത്തിന്റെ പാരമ്പര്യ തൊഴില്‍ കൃഷിയാണ്‌. കൃഷിയിലും കൃഷിരീതികളിലും അഗ്രഗണ്യന്മാരായിരുന്ന ഇവര്‍ മണ്ണിന്റെ യഥാര്‍ത്ഥ ചൂരും ചുവയും നേരിട്ടറിഞ്ഞവരാണ്‌. പ്രഭാതം മൂതല്‍ പ്രദോഷം വരെ പറമ്പുകളിലും പാടങ്ങളിലും കൃഷിപ്പണികളിലേര്‍പ്പെട്ടിരുന്ന ഇവര്‍ പൊതുവെ അദ്ധ്വാനശീലരാണ്‌. ചെങ്കല്‍ പാഠകള്‍ ഉള്‍ക്കൊള്ളുന്ന പല തരിശായ സ്ഥലങ്ങളും കഠിനാധ്വാനം വഴി കൃഷിയോഗ്യമാക്കിയിട്ടുണ്ട്‌. സ്വന്തമായി കൃഷി ഭൂമിയുണ്ടായിരുന്ന പലരും സ്വയം വിളയിക്കുന്നതോടൊപ്പം കൂലിപ്പണിയിലും വ്യാപൃതരായിരുന്നു. കിണര്‍ കുഴിക്കാനും മതില്‍ കെട്ടാനും തോട്ടപ്പണികള്‍ ചെയ്യുവാനും പ്രത്യേകം പ്രാഗല്‌ഭ്യം സിദ്ധിച്ചിരുന്നു. കെ.ബീരാന്‍ കുട്ടി മാസ്റ്റര്‍ ഈ കുടുംബത്തിലെ ആദ്യ സര്‍ക്കാര്‍ അധ്യാപകനാണ്‌.

വൈദേശിക ശക്തികളോട്‌ പോരാടിയ ചരിത്രവും ഈ കുടുംബത്തിന്‌ പറയാനുണ്ട്‌. ബ്രിട്ടീഷ്‌ പടയോട്‌ പോരാടി വീരമൃത്യു വരിച്ച കുട്ടി ഹസന്‍ ശഹീദ്‌ (സൈദാര്‍), അനുജന്‍ ബീരാന്‍ കുട്ടി ശഹീദ്‌ (സൈദാര്‍) എന്നിവര്‍ ഈ കുടുംബത്തിലെ അംഗങ്ങളാണ്‌. അതുപോലെ ചിലര്‍ 1921-ലെ മലബാര്‍ സമരത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

വിനോദങ്ങളിലും ഒട്ടും പിറകിലായിരുന്നില്ല കോളക്കോടന്‍ കുടുംബം. നായാട്ട്‌, കാളപ്പൂട്ട്‌ മുതലായവ പ്രത്യേകിച്ചും പൊറ്റമ്മല്‍, കൂനിയന്‍ കുന്നത്ത്‌ കുടുംബങ്ങളുടെ ഇഷ്ടവിനോദങ്ങളായിരുന്നു

കിഴുപറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനപ്രകിയയില്‍ ഈ കുടുംബം ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. പുതിയ തലമുറയില്‍ പെട്ടവര്‍ നാട്ടിലെ മത-വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ടീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

News & Events

Kolakkodan "KUDUMBA SANGAMAM - 01 MAY 2023, AT HILL FORT AUDITORIUM , PATHANAPURAM

© Kolakkodan.com. All rights reserved | Would like to have a similar site ? ...Please contact E-WORLD INFORMATION SYSTEMS