കെ.എം മുനീര്‍...
കീഴുപറമ്പിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ കെ.എം മുനീര്‍. കോളക്കോടന്‍ മുസ്‌ലിയാരകത്ത് അബ്ദുല്ലയുടെയും ചാലില്‍ ആമിനയുടെയും മകനായി 1970-ല്‍ ജനിച്ചു. പ്രിയദര്‍ശനി ക്ലബ്ബിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ച ത്, ബ്ലഡ് ഡൊണേഷന്‍ ക്ലബ് രൂപവത്‌കരിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. സ്‌കൂള്‍ ജീവിതകാലം മുതല്‍ക്കേ നാടകം, ചിത്രരചന തുടങ്ങിയ രംഗങ്ങളില്‍ മികവ് പുലര്‍ത്തി. 1989-ല്‍ പ്രയദര്‍ശനി ക്ലബ്ബിന്റെ ആറാം വാര്‍ഷികത്തില്‍ മുനീര്‍ അഭിനയിച്ച `ഹലാഖിന്റെ ദുനിയാവ്' എന്ന നാടകം ഇന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു. 20-ാം വയസ്സില്‍ തന്നെ വളചെട്ടിപൊറ്റ റോഡ് നിര്‍മാണ കമ്മിറ്റി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1992-ലാണ് ഗള്‍ഫ് ജീവിതം തുടങ്ങിയത്. സാമ്പത്തികാഭിവൃദ്ധി നേടിയപ്പോള്‍ നാട്ടില്‍ കഷ്ടപ്പെടുന്നവരുടെ കൈത്താങ്ങായി അദ്ദേഹം മാറി. ഗള്‍ഫില്‍ കോടതി വ്യവഹാരങ്ങളില്‍ കുടുങ്ങിയ നാട്ടുകാരെ രക്ഷിക്കാന്‍ എന്നും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. അറബി സംസാരഭാഷ നന്നായി വഴങ്ങുന്നതിനാല്‍ കോടതികളില്‍ ദ്വിഭാഷിയായി പോവുക പലപ്പോഴും മുനീറാണ്. രിയാദ് കേന്ദ്രമാക്കി അദ്ദേഹം ഒരു ജനറല്‍ സര്‍വീസ് സ്ഥാപനവും നടത്തിവന്നിരുന്നു. കേവലം 65 സെന്റ് മാത്രമായിരുന്ന കീഴുപറമ്പിലെ മിനിസ്റ്റേഡിയം ഒരേക്കര്‍ 35 സെന്റാക്കി മാറ്റിയത് മുനീറിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണെന്ന് പറയാം. ആ സ്റ്റേഡിയത്തിന് കെ.എം മുനീര്‍ മെമ്മോറിയല്‍ സ്റ്റേഡിയം എന്ന പേര്‍ നല്‍കികൊണ്ട് അദ്ദേഹത്തിന്റെ സേവനത്തിന് നാട്ടുകാര്‍ അര്‍ഹമായ അംഗീകാരം നല്‍കി. 2005 മെയ് 5-ന് സുളൗദിയിലുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹവും ഭാര്യയും മരണപ്പെടുകയായിരുന്നു.













