കുട്ടിഹസന്റെ ഈ സാഹസം പള്ളി നടത്തിപ്പ് കുറേ സുഗമമാക്കി. അന്ന് മലബാറില്‍ അരങ്ങേറിയ സമരങ്ങളില്‍ ഏറ്റവും ഗുരുതരമായിരുന്നു വെള്ളപ്പട്ടാളവുമായി കുട്ടിഹസന്‍ നടത്തിയ തൃക്കളയൂര്‍ പോരാട്ടം. മലപ്പുറത്ത് കണ്ണഞ്ചേരി രാമന്‍ എന്ന് പേരായ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചെന്ന വ്യാജേന മുസ്‌ലിംകളുടെ ഇടയില്‍ കുറച്ച് കാലം കഴിച്ചു കൂട്ടി. വെള്ളക്കാരുമായി നിരന്തരം പോരാട്ടം നടക്കുന്ന അക്കാലത്ത് മാപ്പിളമാരുടെ പല രഹസ്യങ്ങളും അയാള്‍ വെള്ളക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തു. പിന്നീട് അയാള്‍ പരസ്യമായി `മാര്‍ഗം പൊളിച്ചു' മുസ്‌ലിംകളെ അവഹേളിച്ചു. അയാള്‍ മാപ്പിളമാരുടെ നോട്ടപ്പുള്ളിയായി. ഒരിക്കല്‍ മലപ്പുറത്തെ ബാരക്കുകളിലേക്ക് ജോലിക്ക് പോകുന്ന വഴിക്ക് രണ്ട് മാപ്പിളമാര്‍ അയാളെ കൈയേറ്റം ചെയ്‌തു. അയാള്‍ ഓടി രക്ഷപ്പെട്ട ഉടന്‍ അധികൃതരെ വിവരമറിയിച്ചു. കുറ്റക്കാരെ വിചാരണ ചെയ്‌തതു നാട് കടത്തി. ലഹളയുണ്ടാക്കിയതിന്റെ പേരില്‍ മാപ്പിള ആക്ട് പ്രകാരം മലപ്പുറത്തെ മാപ്പിളമാര്‍ക്ക് അയ്യായിരം(5000) രൂപ പിഴ ചുമത്തി. അതില്‍നിന്ന് ആയിരം രാമന് കൊടുക്കാന്‍ ഉത്തരവായി. `മാര്‍ഗം പൊളിച്ചവന്' മരണത്തിന് പകരം ഇനാം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി മാപ്പിളമാരെ ക്രുദ്ധരാക്കി. മുസ്‌ലിംകള്‍ക്ക് നേരിട്ട അപമാനം പരിഹരിക്കാന്‍ കോളക്കോടന്‍ കുട്ടി ഹസനും ഏക സഹോദരന്‍ അനുജന്‍ വീരാന്‍ കുട്ടിയും രംഗത്തിറങ്ങി. പട്ടാളത്തിന് നേരെ ഓടിച്ചെന്ന് മരിക്കാനല്ല തീരുമാനിച്ചത്. ഇതുവരെ കുട്ടിഹസന്‍ അക്രമികള്‍ക്കെതിരെ നടത്തിയിരുന്ന ഒളിയുദ്ധം, നിയമലംഘനം, നികുതി നിഷേധം എന്നിങ്ങനെയുള്ള സമരമുറകള്‍ മാറ്റിവെച്ച വെള്ളപ്പടയുമായി തുറന്ന പോരാട്ടത്തിനിറങ്ങാന്‍ തന്നെയാണ് തീരുമാനിച്ചത്.
1884 ഡിസംബര്‍ 26 വെള്ളിയാഴ്‌ച അവര്‍ ബന്ധുമിത്രാദികളുമായി കൂടി ആലോചിച്ച് സമരപരിപാടികള്‍ക്ക് രൂപം നല്‍കി. വെടിയുണ്ട തീര്‍ന്നാല്‍ അതെത്തിച്ചു കൊടുക്കാനും ഏര്‍പ്പാടാക്കി. നടുവത്തേടത്ത് ഇല്ലത്ത് പോയി അഞ്ച് രൂപയുടെ നോട്ട കൊടുത്ത് അതിന് `അരച് മുക്കാല്‍' എന്നറിയപ്പെട്ടിരുന്ന നാണയത്തുട്ടുകള്‍ വാങ്ങി. അത് രൂപാന്തരപ്പെടുത്തി വെടിച്ചില്ലാക്കി കൂടെ കരുതി. ഈ രണ്ട് സഹോദരങ്ങള്‍ക്ക് പുറമെ വേറെ ചിലരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്‌ച അതിരാവിലെ പ്രഭാത പ്രാര്‍ഥനകള്‍ നിര്‍വഹിച്ച അവര്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. അവര്‍ ചേലുപാറ മലകയറി മൊറയൂര്‍ വഴി പോയെന്നാണ് പഴമക്കാര്‍ പറഞ്ഞത്. വഴിക്ക് വെച്ച് ചില ചെമ്പശ്ശേരിക്കാര്‍ അവരോടൊപ്പം ചേര്‍ന്നു. അവര്‍ മൊത്തം 12 പേരായിരുന്നുവെന്ന് ലോഗന്‍ മലബാര്‍ മാന്വലില്‍ എഴുതിയിട്ടുണ്ട്. മേല്‍ രാമന്റെ വീടനേഷിച്ച് കണ്ടു പിടിച്ചു. രാമന്റെ സഹോദരന്‍ ചോയിക്കുട്ടി താമസിക്കുന്ന വീട്ടിലാണ് അവര്‍ എത്തിയത്. പുറത്ത് ശബ്ദം കേട്ടപ്പോള്‍ ചോയിക്കുട്ടി എത്തിനോക്കി. രാമനെന്ന ധാരണയില്‍ അവര്‍ അയാളെ വെടിവെച്ചു വീഴ്‌ത്തി. അയാളുടെ മകനും പരിക്കേറ്റു. സ്‌ത്രീകളെയും കുട്ടികളെയും പുറത്താക്കിയശേഷം ഓലപ്പുരക്ക് തീവെച്ചു. പിന്നീടവര്‍ യൂറോപ്യന്‍ ഇന്‍ഫെന്‍ട്രി താമസിക്കുന്ന മലപ്പുറം ബാരക്കുകളുടെ അടുത്തുകൂടി തക്‌ബീര്‍ മുഴക്കി നീങ്ങി. അവരെ നേരിടാന്‍ ആരും മുന്നോട്ടു വന്നില്ല. മലപ്പുറം അങ്ങാടിയിലൂടെ, പോലീസ് സ്റ്റേഷന്റെ സമീപത്ത് കൂടി എട്ട് നാഴിക ദൂരം പട്ടാപകല്‍ നീങ്ങിയിട്ടും പോലീസോ,പട്ടാളമോ അവരെ നേരിട്ടില്ല.
പിന്നീടവര്‍ വനനിബിഢമായ മലഞ്ചെരുവുകളിലൂടെ വടക്കോട്ട് നീങ്ങി ചാലിയാര്‍ പുഴകടന്ന് 7 പേര്‍ കീഴുപറമ്പിലെ ചുരോട്ട് പള്ളിയിലേക്ക് നീങ്ങി. അവിടെ അല്‍പനേരം പ്രാര്‍ഥനക്കായി കഴിച്ചുകൂട്ടിയശേഷം രണ്ട് കിലോമീറ്റര്‍ അകലെയുള്ള ത്യക്കളയുര്‍ ശിവക്ഷേത്രത്തിലേക്ക് നീങ്ങി. പിന്നാലെ ബാക്കിയുള്ള അഞ്ചുപേരും അവിടെ എത്തി. ഗോപുരത്തിന്റെ മേല്‍ തട്ടില്‍ കയറി സമര കാഹളം മുഴക്കി. വെള്ളപ്പടയെ എതിര്‍ക്കാന്‍ പറ്റിയ ഏറ്റവും സുരക്ഷിത സ്ഥലമായിരുന്നു ശിവക്ഷേത്രം. അകത്ത് നിന്ന് പുറത്തേക്ക് വെടിവെക്കാന്‍ പറ്റിയ സുരക്ഷിത പഴുതുകള്‍, എന്നാല്‍ പുറത്ത് നിന്ന് അകത്തേക്ക് ആക്രമണം നടത്താന്‍ സാധ്യവുമല്ല. അന്ന് ക്രിസ്‌മസ് അവധി ആയതിനാല്‍ അസി. മജിസ്‌ട്രേറ്റും അസി. പോലീസ് സൂപ്രണ്ടും സ്ഥലത്തുണ്ടായിരുന്നില്ല. സംഭവ ദിവസം ഉച്ചക്കു ശേഷമാണ് കോഴിക്കോട് വിവരമറിഞ്ഞത്. ഉടനെ പട്ടാള നിരകള്‍ ക്ഷേത്രത്തിലേക്ക് കുതിച്ചു. സുരക്ഷിത കോട്ടക്കകത്ത് നിന്നെന്നപോലെ കുട്ടിഹസനും സംഘവും പുറത്തേക്ക് വെടിവെക്കുന്നത് കൊണ്ട് പട്ടാളത്തിന് ദൂരെ മാറി നില്‍ക്കേണ്ടി വന്നു. അടുത്ത ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ലഫ്. ഡേയുടെ നേതൃത്വത്തിലുള്ള ഇന്‍ഫന്‍ട്രി വിഭാഗം ക്ഷേത്രഗോപുരത്തിനടുത്തെത്തിയപ്പോള്‍ ഈ ദേശസ്‌നേഹികള്‍ പട്ടാളത്തിന് നേരെ വെടിയുതിര്‍ത്തു. ചില പട്ടാളക്കാരെ അവര്‍ വക വരുത്തിയെന്ന് പഴമക്കാര്‍ പറയാറുണ്ട്. മറ്റു ചിലര്‍ ഓടിരക്ഷപ്പെട്ടു. രാത്രി മുഴുവനും സായുധ സേന കാവല്‍ നിന്നു. അതിനിടക്ക് ക്യാപ്‌റ്റന്‍ കുര്‍ട്ടിസ് മദ്രാസില്‍നിന്ന് ഡയനാമിറ്റുകള്‍ക്കുള്ള വെടിമരുന്ന് കൊണ്ടുവന്നിരുന്നു. വെടിമരുന്നുകൊണ്ട് പല പരീക്ഷണങ്ങളും നടത്തിയെങ്കിലും പോരാളികള്‍ക്ക് പോറലേല്‍പിക്കാന്‍ പോലും കഴിഞ്ഞില്ല. പോരാളികള്‍ക്ക് സഹായമെത്തിക്കാന്‍ നാട്ടുകാര്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പക്ഷേ, കുട്ടിഹസന്റെ ഏക സഹോദരി പാത്തുമ്മ നടത്തിയ ശ്രമം വിജയിച്ചു. അവര്‍ ഒരു ഭ്രാന്തിയുടെ വേഷത്തില്‍ കീറത്തുണികളുടെ ഭാണ്ഡവും പേറി ഒരു ചുണ്ടന്‍ ചെറുകത്തിയും പിടിച്ചു മൂളിപ്പാട്ടും പാടി ചോലേരിക്കുന്നിലൂടെ അകത്ത് കയറി. ഉന്മാദരോഗിയായതുകൊണ്ട് അവരെ ആരും തടയുകയോ,പരിശോധിക്കുകയോ ചെയ്‌തില്ല. അവരുടെ ഭാണ്ഡത്തില്‍ സ്വന്തക്കാര്‍ ഒരുക്കി അയച്ച വെടിയുണ്ടകളായിരുന്നു. അതൊക്കെ തന്ത്രത്തില്‍ സഹോദരന്മാര്‍ക്ക് കൈമാറി കണ്ണീരോടെ വിടവാങ്ങി.
ഈ സന്ദിഗ്‌ധ ഘട്ടത്തില്‍ സൂത്രന്‍ ബീരാന്‍ എന്ന നാട്ടുകാരനായ ഒരു ഒറ്റുകാരന്‍ അവരുടെ സഹായത്തിനെത്തി. ഡയനാ മിറ്റുകള്‍ പശിമയാര്‍ന്ന കളിമണ്ണില്‍ പൊതിഞ്ഞ് കുറ്റിക്കാട്ടിലൂടെ ഇഴഞ്ഞു നീങ്ങി പോരാളികള്‍ രക്ഷാകവചമാക്കിയ അമ്പലഭിത്തിയിലേക്ക് അവ എറിയാന്‍ അയാള്‍ ഉപദേശിച്ചു. ഉദ്യേഗജനകമായ നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. അവിടെ കുടിയവരെല്ലാം ശ്വാസമടക്കി നിമിഷങ്ങളെണ്ണി! അത്യുഗ്ര ശബ്ദത്തോടെ സ്‌ഫോടനം നടന്നു. അന്തരീക്ഷത്തില്‍ പുകയും പൊടിപടലവും നിറഞ്ഞു. ക്ഷേത്രത്തിന്റെ ചെമ്പ് തകിടില്‍ പൊതിഞ്ഞ മിനുസമാര്‍ന്ന ഭിത്തികളില്‍പോലും ഡയനാമിറ്റുകള്‍ പറ്റിപ്പിടിച്ചു പൊട്ടിത്തെറിച്ചു പോരാളികളുടെ രക്ഷാകവചം തകര്‍ന്നതോടെ പട്ടാളം അവരുടെ നേരെ നിറയൊഴിച്ചു. കുട്ടിഹസനും 11 പേരും മരിച്ചുവീണു. 24 മണിക്കൂര്‍ നീണ്ടുനിന്ന ഈ സംഘട്ടനത്തിലാണ് ഇന്ത്യയില്‍ ഇദംപ്രഥമമായി ഡയനാമിറ്റ് സ്‌ഫോടനം നടന്നതെന്ന് പറയപ്പെടുന്നു. ഈ പോരാട്ടത്തില്‍ വെള്ളക്കാരുടെ ഭാഗത്ത്‌നിന്ന് ഒരു യൂറോപ്യന്‍ ഭടന്‍ കൊല്ലപ്പെടുകയും ലെഫ് ഡേക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതെന്ന് ലോഗന്‍ മലബാര്‍ മാന്വലില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഡേ അടക്കം കുറച്ച് പട്ടാളക്കാര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. പഴമക്കാരും അങ്ങനെ വിശ്വസിക്കുന്നു. ഈ സ്വാതന്ത്ര്യപ്പോരാളികള്‍ മരിച്ചു വീണിട്ടും വെള്ളപ്പരിശകള്‍ക്ക് അരിശം തീര്‍ന്നില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് കലക്ടറേറ്റ് വരെ കെട്ടി വലിച്ചു. നായകന്‍ കുട്ടിഹസന്റെ കഴുത്ത് വെട്ടി തല കലക്ടറേറ്റിന്റെ മുമ്പില്‍ കുന്തത്തില്‍ നാട്ടി മൂന്ന് ദിവസം പ്രദര്‍ശിപ്പിച്ചു. ഈ ഭീകര ദൃശ്യം കണ്ട് നാടുനടുങ്ങി. കുറച്ച് കാലത്തേക്ക് ആ വഴിക്ക് ഗതാഗതം നിലച്ചു. ആ മൃതദേഹങ്ങള്‍ കിണറ്റിലിട്ട് വൈക്കോല്‍ കൊണ്ട് മൂടി തീ കൊളുത്തിയെങ്കിലും കത്തിയില്ല എന്ന് പറയപ്പെടുന്നു. പിന്നെ ഈ ശുഹദാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി പുതിയറ ഖബറിസ്‌താനില്‍ സംസ്‌കരിച്ചു. കുട്ടിഹസന്‍ ശഹീദിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ മമ്മദ് കുട്ടി വെള്ളക്കാരുടെ നോട്ടപ്പുള്ളിയായി. ഒരിക്കല്‍ അവനെയും അകാരണമായി മൂന്ന് മാസം ജയിലിലടച്ചിരുന്നു. ഈ ശുഹദാക്കളെ മറമാടിയ സ്ഥലത്ത് കുറേകാലം നേര്‍ച്ച വഴിപാടുകളും വിളക്ക് വെക്കലും നടന്നിരുന്നതായി പറയപ്പെടുന്നു.













