നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ബ്രിട്ടീഷ്‌ അധിനിവേശത്തില്‍ ഭൂസ്വാമികള്‍ കര്‍ഷകരെ നിര്‍ബാധം ചൂഷണം ചെയ്‌തുകൊണ്ടിരുന്നു. ബ്രിട്ടീഷുകാര്‍ മലബാറില്‍ നടപ്പാക്കിയ ഭൂനികുതി സമ്പ്രദായത്തിനെതിരെ മുസ്‌ലിം കര്‍ഷകര്‍ പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം കലാപമുണ്ടാക്കിക്കൊണ്ടിരുന്നു. കലാപമുണ്ടാവുമ്പോഴെല്ലാം വെള്ളക്കാരന്റെ ക്രൂരമായ പ്രതികാര നടപടികള്‍ക്ക്‌ വിധേയരായത്‌ മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകള്‍ മുഖ്യ പങ്ക്‌ വഹിച്ച 1857ലെ സമരത്തെ തുടര്‍ന്ന്‌ ബ്രിട്ടീഷുകാര്‍ `ഭിന്നിപ്പിച്ചു ഭരിക്കല്‍' തന്ത്രം നടപ്പാക്കി. ഇന്ത്യയില്‍ ബ്രിട്ടീഷ്‌ നയം തുടക്കം മുതലേ ഹിന്ദു അനുകുലവും മുസ്‌ലിം വിരുദ്ധവുമായിരുന്നു. ഇത്‌ തിരിച്ചറിഞ്ഞ മുസ്‌ലിം പണ്ഡിതന്മാര്‍ ചില സാഹസിക മുന്നേറ്റങ്ങളും നടത്തിയിരുന്നു.

കുടിയാന്റെ മേല്‍ ജന്മി തന്നിഷ്ടം മാത്രം നടത്തിയിരുന്ന അക്കാലത്ത്‌ ജന്മിമാരുടെ അക്രമങ്ങളില്‍നിന്ന്‌ കുടിയാന്മാര്‍ക്ക്‌ നിയമപരമായി യാതൊരു പരിരക്ഷയും കിട്ടിയിരുന്നില്ല. `ഉണ്ണുക,രമിക്കുക' എന്നതില്‍ കവിഞ്ഞു യാതൊന്നും ചെയ്യാനില്ലാതിരുന്ന ഭൂസ്വാമികളുടെ ജന്മിത്വം അതിന്റെ എല്ലാ ദുഷ്‌പ്രഭാവങ്ങളോടെയും വിരാജിച്ചു. കിരാതമായ ഈ ജന്മിത്വത്തിന്റെ കരിനിഴലില്‍ മുസ്‌ലിം കുടിയാന്മാര്‍ നൂറ്റാണ്ടിലേറെ കാലം ശ്വാസം മുട്ടി കഴിഞ്ഞു. ഉല്‍പന്നങ്ങളുടെ 80 ശതമാനം ജന്മിക്കായതിനാല്‍ കര്‍ഷകര്‍ എല്ലുമുറിയെ അധ്വാനിച്ചാലും ജന്മിക്കരം തീരുകയില്ല. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മലബാര്‍ മൈസൂര്‍ ഭരണത്തിന്‍ കീഴില്‍ വന്നപ്പോള്‍ ഇവിടെ കര്‍ഷകന്റെ അവസ്ഥ അല്‍പം മെച്ചപ്പെട്ടു. ടിപ്പുസുല്‍ത്താന്റെ ഭരണ പരിഷ്‌കാരത്തില്‍ ജന്മിത്വം തകര്‍ന്നു. ഇടത്തട്ടുകാരുടെ ചൂഷണം തടഞ്ഞു. കര്‍ഷകന്റെ സംരക്ഷണത്തിന്‌ പ്രത്യേക ഊന്നല്‍ നല്‍കി. ജന്മി-നാടുവാഴി വ്യവസ്ഥക്കെതിരെ ടിപ്പു കൈകൊണ്ട നടപടികളും സാമ്പത്തിക-കാര്‍ഷിക പരിഷ്‌കാരങ്ങളും മലബാറിലെ മൈസൂര്‍ ഭരണത്തിന്റെ നേട്ടങ്ങളായിരുന്നു. ബ്രിട്ടീഷുകാരുമായി നടത്തിയ നാലാമത്തെ മൈസൂര്‍ യുദ്ധത്തില്‍ 1799 മെയ്‌ 4-ന്‌ ടിപ്പുസുല്‍ത്താന്‍ രക്തസാക്ഷിത്വം വരിച്ചു.

അധിനിവേശത്തിന്റെ മുന്നിലെ ഏകതടസം നീങ്ങിയതോടെ ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ്‌ ആധിപത്യം ഭദ്രമായി. ഭരണ-സാമൂഹിക മേഖലകളില്‍ ടിപ്പു നടപ്പാക്കിയ ശരീഅത്ത്‌ നിയമങ്ങള്‍ മാറ്റി, വെള്ളക്കാര്‍ സ്വന്തം നിയമങ്ങള്‍ നടപ്പാക്കി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കാന്‍ അവര്‍ പല ഗൂഢ പദ്ധതികളും നടപ്പാക്കിക്കൊണ്ടിരുന്നു. കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കി നിഖില മേഖലകളിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കും വിധം നിയമനിര്‍മാണം നടത്തി. ടിപ്പുസുല്‍ത്താനെ ഭയന്നോടിപ്പോയ ജന്മിമാരെ ഭൂവുടമകളാക്കുകയും ജന്മി വ്യവസ്ഥ പുനഃസ്ഥാപിക്കുകയും അവര്‍ക്ക്‌ വീണ്ടും നികുതി പിരിക്കാന്‍ അധികാരം നല്‍കുകയും ചെയ്‌തു. വന്‍തുക കരമായി സര്‍കാരിന്‌ നല്‍കേണ്ടതുകൊണ്ട്‌ ആ ബാധ്യത മുഴുവന്‍ ജന്മിമാര്‍ കാണക്കാരുടെയും പാട്ടക്കാരുടെയും മേല്‍ കെട്ടിവെച്ചു. നിയമം, കോടതി, പോലീസ്‌ എന്നിവയൊക്കെ ജന്മിയെ നികുതി പിരിവിന്‌ ഉദാരമായി സഹായിച്ചു. അതോടെ കര്‍ഷകര്‍ വീണ്ടും നിത്യ ദുരിതത്തിലായി.

വെള്ളപ്പടയുടെയും കൂലിപ്പടയാളികളുടെയും തേര്‍വാഴ്‌ചക്ക്‌ പുറമെ അന്ന്‌ സര്‍വത ഒറ്റുകാരെയും വിന്യസിച്ചിരുന്നു. എതിര്‍ത്തവരെയൊക്കെ വെള്ളക്കാര്‍ വെടിവെച്ചുകൊന്നു. നിരവധി പേരെ വിചാരണ കൂടാതെ തുക്കിലേറ്റി.സ്‌ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചു. കുഗ്രാമങ്ങളിലെ രക്ത സാക്ഷികളെപ്പറ്റി ലോകം അറിഞ്ഞില്ല. ക്രി. 1288 മുതല്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ എന്നീ വന്‍കരകളിലൂടെ വ്യാപിച്ച മുസ്‌ലിം ലോകം ഭരിച്ച ഉസ്‌മാനിയാ ഖിലാഫത്‌ ബ്രിട്ടീഷുകാരുടെ ഉപജാപം കാരണം അക്കാലത്ത്‌ ക്ഷയോന്മുഖമാവുന്നു. കരാളമായ ബ്രിട്ടീഷ്‌ വാഴ്‌ചയില്‍ മുസ്‌ലിംലോകം വീര്‍പ്പ്‌ മുട്ടുന്നു. മലബാറിലെ മുസ്‌ലിംകള്‍ അടിമകളെപ്പോലെ ദുസഹമായ പാരതന്ത്ര്യത്തില്‍ ജീവഛവമായി ജീവിക്കുമ്പോള്‍ `ദേശസ്‌നേഹം സത്യവിശ്വാസത്തിന്റെ ഭാഗ'മെന്ന്‌ ദൃഢമായി വിശ്വസിച്ച ഏതാനും ചിലരെങ്കിലും അന്നുമുണ്ടായിരുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ ജീവത്യാഗം ചെയ്‌ത ധീരയോദ്ധാക്കള്‍ തലമുറകളിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കേണ്ടവരാണ്‌. കല്‍പിത കഥകളെ വെല്ലുന്ന വീരേതിഹാസത്തിന്റെ ഉടമയായ കോളക്കോടന്‍ കുട്ടിഹസന്റെ വീരഗാഥകള്‍ ദേശ സ്‌നേഹികള്‍ക്ക്‌ പ്രചോദനമേകേണ്ടതാണ്‌.

ബ്രിട്ടീഷ്‌ അധിനിവേശത്തില്‍ മലബാറില്‍ മുസ്‌ലിംകളുടെ ഭാവി ഇരുളടഞ്ഞതാണെന്നും പാരതന്ത്ര്യത്തില്‍ ജീവിക്കുന്നതിനെക്കാള്‍ മാത്യരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ അധിനിവേശകരോട്‌ പോരാടി രക്തസാക്ഷിത്വം വരിക്കുന്നതാണ്‌ അഭികാമ്യമെന്നും കുട്ടിഹസനും അനുചരന്മാരും വിശ്വസിച്ചു. മലബാര്‍ മുസ്‌ലിംകള്‍ പൊതുവെ ബ്രിട്ടീഷുകാരോട്‌ അമര്‍ഷത്തിലായിരുന്നു. അവരെ സഹായിച്ച ജന്മിമാര്‍ക്കെതിരെയും മാപ്പിള കര്‍ഷകര്‍ സമരം ചെയ്‌തുകൊണ്ടിരുന്നു. സംഘടിതമായി മുന്നേറാനോ യുദ്ധം ചെയ്യാനോ അവര്‍ക്ക്‌ സാധിച്ചില്ലെങ്കിലും ബ്രിട്ടീഷ്‌ മേധാവിത്വത്തെ ചോദ്യം ചെയ്യാന്‍ പല വ്യക്തികളും ഗ്രൂപ്പുകളും പലപ്പോഴായി രംഗത്ത്‌ വന്നിരുന്നു. വെള്ളക്കാരുടെ ഇടതടവില്ലാത്ത മര്‍ദനമുറകള്‍ ഏറനാട്ടില്‍ മാപ്പിളമാരുടെ നിലപരുങ്ങലിലാക്കി. മമ്പുറത്തെ ഫസല്‍ പൂക്കോയതങ്ങള്‍ ഏറനാട്ടിലെ മാപ്പിളമാരുടെ നേതൃത്വം ഏറ്റെടുത്തതോടെ ഇംഗ്ലീഷുകാര്‍ അങ്കലാപ്പിലായി. മുസ്‌ലിംകള്‍ ആയുധം ഉപയോഗിക്കുന്നത്‌ ഇംഗ്ലീഷുകാര്‍ വിലക്കിയപ്പോള്‍ മുസ്‌ലിം കര്‍ഷകര്‍ക്ക്‌ പുറത്തിറങ്ങാന്‍ നിവൃത്തിയില്ലാതായി. ഉദ്യോഗസ്ഥരുടെ ക്രുരമായ കൈയേറ്റങ്ങള്‍ക്ക്‌ വിധേയരായ മുസ്‌ലിംകള്‍ക്ക്‌ എങ്ങും നിസഹായാവസ്ഥ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അംഗീകരിച്ച മാപ്പിള ആക്ടുകള്‍ മുസ്‌ലിംകളെ നിയമത്തിന്റെ ചങ്ങലയിലിട്ട്‌ പേപ്പട്ടികളെ പോലെ കൊന്നൊടുക്കാന്‍ അധികാരം നല്‍കുന്നവയായിരുന്നു. മാരകമായ ഈ നൈരാശ്യത്തിന്നിടയിലും മാപ്പിള ഭടന്മാര്‍ ഒരു ജീവന്‍-മരണ പോരാട്ടത്തിന്‌ തന്നെ തയാറെടുത്തു. രാജ്യത്തിന്‌ വേണ്ടി ശത്രുവിനോട്‌ പൊരുതിമരിക്കുന്നത്‌ പുണ്യമാണെന്നവര്‍ വിശ്വസിച്ചിരുന്നു. മാപ്പിളമാര്‍ക്ക്‌ നേതൃത്വവും ഉപദേശവും നല്‍കിയിരുന്ന മമ്പുറം തങ്ങള്‍ ഇംഗ്ലീഷുകാരുടെ തലവേദനയായി മാറി. 1854-ല്‍ കലക്ടര്‍ കൊണോലി വളരെ സൗഹാര്‍ദത്തിലൂടെ കുത്രന്തങ്ങള്‍ പ്രയോഗിച്ച്‌ തങ്ങളെയും കുടുംബത്തെയും രഹസ്യമായി അറേബ്യയിലേക്ക്‌ നാടുകടത്തി. വിവരമറിഞ്ഞപ്പോള്‍ മാപ്പിളമാര്‍ രോഷാകുലരായി. 1855 സെപ്‌റ്റംബര്‍ 12-ന്‌ രാത്രി 8 മണിക്ക്‌ കോഴിക്കോട്‌ ജയിലില്‍നിന്ന്‌ രക്ഷപ്പെട്ട ചില മാപ്പിളമാര്‍ കൊണോലിയെ അയാളുടെ ബംഗ്ലാവില്‍വെച്ച്‌ വെട്ടിക്കൊന്നു. പിന്നെ ഇംഗ്ലീഷുകാര്‍ മാപ്പിളമാരെ നരമേധം നടത്തുകയായി. കൊണോലിയുടെ വധത്തിന്‌ പ്രതികാരം ചെയ്യാന്‍ മേജര്‍ ഹാലിയുടെ കീഴില്‍ വെള്ളപ്പട്ടാളം ഗ്രാമാന്തരങ്ങളിലേക്ക്‌ തിരിച്ചു. ഒരു കൊണോലിയുടെ ജീവന്‌ പകരം പതിനായിരത്തിലധികം നിരപരാധികളായ മാപ്പിളമാരുടെ ജീവന്‍ കാപാലികര്‍ കവര്‍ന്നെടുത്തു. പാടശേഖരങ്ങളെല്ലാം നടുവത്തേടത്ത്‌ ഇല്ലത്തിന്റെ അധീനതയിലായിരുന്നു. അവിടത്തെ കൃഷ്‌ണന്‍ നമ്പൂരിയെ ഒരിക്കല്‍ വഴിയില്‍ തടഞ്ഞ്‌ കുട്ടിഹസന്‍ ഒരാവശ്യം ഉന്നയിച്ചു. ``സ്ഥലത്തെ ഏക ജുമാമസ്‌ജിദായ ചുരേട്ടെ പള്ളിക്ക്‌ കുറച്ച്‌ നെല്‍വയല്‍ വിട്ടു തരണം.'' ഉടനെ അയാള്‍ ഒന്നര ഏക്കര്‍ വയല്‍ പള്ളിക്ക്‌ വിട്ടുകൊടുത്തു. മേല്‍ വയലിന്റെ പകുതി ഇന്നും പള്ളിയുടേതായുണ്ട്‌. പകുതി അന്യാധീനപ്പെട്ടു

News & Events

Kolakkodan "KUDUMBA SANGAMAM - 01 MAY 2023, AT HILL FORT AUDITORIUM , PATHANAPURAM

© Kolakkodan.com. All rights reserved | Would like to have a similar site ? ...Please contact E-WORLD INFORMATION SYSTEMS