കുട്ടിഹസന്‍ ശഹീദ്.......
(കെ.കെ നാസിറുദ്ദീന്‍ ഉമരി്)
മലപ്പുറം ജില്ലയില്‍ കീഴുപറമ്പ് അംശം കുനിയില്‍ ദേശത്ത് കോളക്കോടന്‍ പട്ടാക്കല്‍ മമ്മദ് കുട്ടിയുടെ സീമന്തപുത്രനായി 1860കളില്‍ കുട്ടിഹസന്‍ ജനിച്ചു. കുടുംബത്തിന്റെ ഉപജീവനമാര്‍ഗം കൃഷിപ്പണിയായിരുന്നു. അക്കാലത്ത് നാട്ടില്‍ വിദ്യാലയങ്ങളില്ലാത്തതുകൊണ്ട് പ്രദേശത്തെ ഓത്തുപള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് തൃപ്‌തിപ്പെട്ടു. ഭക്തനായ അദ്ദേഹം ചെറുപ്പന്നേ ഖുര്‍ആന്‍ പാരായണത്തിലും ആരാധനാ കാര്യങ്ങളിലും കണിശത പുലര്‍ത്തിപ്പോന്നു. വീട്ടുവളപ്പിലെ കിണറിന്നടുത്ത് തട്ടിക കെട്ടി അതിലിരുന്നായിരുന്നു ആരാധനാകര്‍മങ്ങള്‍, ഭൗതികഭ്രമം തൊട്ടുതീണ്ടിയില്ലാത്ത അദ്ദേഹം ചെറിയൊരു വീട്ടില്‍ അനാര്‍ഭാട ജീവിതം നയിച്ചു. കടുത്ത ബ്രിട്ടീഷ് അധിനിവേശ വിരോധിയായ അദ്ദേഹം മര്‍ദിതരെയും പീഡിതരെയും സഹായിക്കുന്നതില്‍ എന്നും മുന്നിലായിരുന്നു.
ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിക്കുന്ന അദ്ദേഹം ഉന്നം തെറ്റാത്ത വെടിക്കാരനും നായാട്ടുകാരനുമായിരുന്നു. വയറ്റു പിഴപ്പിന് വേണ്ടി മൃഗവേട്ടയും നടത്തിയിരുന്നു. വനത്തില്‍ പോയി കാട്ടുകൊമ്പനെ വെടിവെച്ച് കൊമ്പുകളെടുത്തു ഉപജീവനം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ധീരനായ അദ്ദേഹം അക്കാലത്തെ ആത്മീയ കേന്ദ്രമായ മമ്പുറം സന്ദര്‍ശിച്ച ഫസല്‍ തങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ നേടുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്‌തിരുന്നു. അക്കാലത്ത് മാപ്പിളമാര്‍ മമ്പുറം തങ്ങളുടെ ആശിര്‍വാദം വാങ്ങിയാണ് ലഹളക്കൊരുങ്ങിയത്. ബ്രിട്ടീഷുകാരെ ഇസ്‌ലാമിന്റെ ശത്രുക്കളായാണ് തങ്ങള്‍ കണ്ടിരുന്നത്. വിദേശാധിനിവേശത്തോട് കുട്ടിഹസന് കടുത്ത വിരോധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയും നിശ്ചയദാര്‍ഢ്യവും തങ്ങളില്‍ മതിപ്പുളവാക്കി.
തന്റെ മുരീദിന് അദ്ദേഹം രക്ഷാകവചമെന്നോണം ഒരു ഐക്കല്ല് സമ്മാനിച്ചു. ഇത് സദാ അരയില്‍ അണിഞ്ഞുനടന്നിരുന്ന കുട്ടിഹസന്റെ വിശ്വാസം ശത്രുവി ന്റെ ആക്രമണം തനിക്കേല്‍ക്കില്ലെന്നായിരുന്നു. അധിനിവേശശക്തികള്‍ക്കെതിരെ അദ്ദേഹം പലപ്പോഴും ഒളിയാക്രമണങ്ങള്‍ നടത്തി. ഒന്നിലും അദ്ദേഹം പിടിക്കപ്പെട്ടില്ല. അനീതിയും അക്രമവും എവിടെ കണ്ടാലും അദ്ദേഹം പ്രതികരിക്കുമായിരുന്നു.
അക്കാലത്ത് മമ്പാട് നിന്ന് കീഴുപറമ്പിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു ധനാഢ്യന്‍ ഒരു നോമ്പുകാലത്ത് പകല്‍സമയം ചുരോട്ട് ജുമാ മസ്‌ജിതില്‍ വെച്ച് വെറ്റില മുറുക്കിയപ്പോള്‍ ആളുകള്‍ മുറുമുറുത്തു. `അടുത്ത വെള്ളിയാഴ്‌ച ഞാന്‍ ചെല്ലപ്പെട്ടിയുമായി വന്നു മുറുക്കും' എന്ന് അയാള്‍ വീമ്പ് പറഞ്ഞു. വിവരം കുട്ടിഹസന്‍ അറിഞ്ഞപ്പോള്‍ ഉടന്‍ പ്രതികരിച്ചു. `അന്ന് കുട്ടിഹസന്‍ തോക്കുമായി പള്ളിയില്‍ വരും' പിന്നെ ആ ധനാഢ്യനെ ആ വഴിക്ക് കണ്ടില്ല.
കൃഷിത്തൊഴിലാളികളായ നാട്ടുകാര്‍ അക്കാലത്ത് ഏറക്കുറെ മുഴുപട്ടിണിയിലായിരുന്നു. തൊഴിലില്ലായ്‌മ,ദാരിദ്ര്യം,അജ്ഞത,അന്ധവിശ്വാസം എന്നിവ മുച്ചുടും അവരെ ഗ്രസിച്ചിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവര്‍ നാടുവാഴികളുടെ ചൂഷണത്തിന് വിധേയരായിരുന്നു. ഇവിടെ നിലനിന്നിരുന്ന ജന്മി-നാടുവാഴി വ്യവസ്ഥിതിയില്‍ ഭൂമിയുടെ ജന്മാവകാശം ക്ഷേത്രങ്ങള്‍,നമ്പൂതിരിമാര്‍,നാടുവാഴികള്‍,ഇടനിലക്കാര്‍ എന്നിവരില്‍ നിക്ഷിപ്‌തമായിരുന്നു. ജന്മിമാര്‍ക്ക് കൃഷിക്കാരന്‍ ഒരു നിശ്ചിത അളവില്‍ പാട്ടം കൊടുക്കാന്‍ ബാധ്യസ്ഥനായിരുന്നു. ജന്മിക്കും കൃഷിക്കാരനുമിടക്ക് കാണക്കാരന്‍, കീഴ്‌കാണക്കാരന്‍ എന്നിങ്ങനെ ഇടനിലക്കാരുമുണ്ടായിരുന്നു. കൃഷിക്കാരന്റെ പാട്ടത്തില്‍നിന്ന് മേല്‍തട്ടിലുള്ളവരെല്ലാം വിഹിതം പറ്റിയിരുന്നു.
കേരളത്തില്‍ ജന്മി സമ്പ്രദായത്തിനുത്തരവാദികള്‍ നമ്പൂതിരികളാണ.് വസ്‌തുവിന്റെ ഉടമസ്ഥാവകാശം നമ്പൂതിരിമാര്‍ക്കോ,ക്ഷേത്രങ്ങള്‍ക്കോ ആയതിനാല്‍ ബ്രഹ്‌മസ്വം, ദേവസ്വം സ്വത്തുക്കള്‍ ജന്മി സമ്പ്രദായത്തിന് വഴിതെളിയിച്ചു. യാഥാസ്ഥിതിക ബ്രാഹ്‌മണ സമൂഹമായ നമ്പൂതിരിമാര്‍ ജന്മി സമ്പ്രദായത്തില്‍ സര്‍വശക്തരും രാജാധികാരത്തിന്നതീതരുമായിരുന്നു. അവര്‍ വിവിധങ്ങളായ സ്ഥാനപദവികളുടെ പേരില്‍ ചില പ്രത്യേക സൗജന്യങ്ങള്‍ അനുഭവിച്ചുപോന്നു. ബ്രിട്ടീഷുകാരുടെ വൈതാളികരായ ജന്മിമാരെപ്പറ്റി വില്യം ലോഗന്‍ എഴുതി. ``ബ്രിട്ടീഷ് അധികാരികള്‍ ജന്മിയുടെ യഥാര്‍ഥ പദവിയെപ്പറ്റി തെറ്റിദ്ധരിക്കുകയും റോമന്‍ കീഴ് വഴക്കത്തിന്റെ ചുവട് പിടിച്ച് ജന്മിയെന്നാല്‍ മണ്ണിന്റെ ഉടമയാണെന്ന തെറ്റായി പരിഗണിച്ച് ആനിലക്കുള്ള അധികാരാവകാശങ്ങള്‍ അയാളില്‍ നിക്ഷപ്‌തമാക്കുകയും ചെയ്‌തതു'' (മലബാര്‍ മാന്വല്‍, പേജ് 365), ആര്യ സംസ്‌കാരം വളര്‍ന്നശേഷം 15-ാം നൂറ്റാണ്ടോടെ ബ്രാഹ്മണര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച ക്ഷേത്ര ഊരാളന്മാരായ നമ്പൂരി ബ്രാഹ്‌മണര്‍ക്ക് നല്‍കിയെന്ന അബദ്ധ ജഡിലമായ ഐതിഹ്യമാണ് ജന്മിമാര്‍ അവരുടെ ചൂഷണത്തിന് നിദാനമാക്കിയ ത്. യാതൊരു മാനുഷിക ഗുണങ്ങളും തീണ്ടിയിട്ടില്ലാത്ത ഈ ഭൂസ്വാമികള്‍ പല പേരുകള്‍ നല്‍കി കുടിയാന്മാരില്‍നിന്ന് അവിഹിതമായും കരംപിരിച്ചിരുന്നു. ജന്മിക്കരം വസൂലാക്കാന്‍ ജന്മിക്കനുകൂലമായി കരിനിയമങ്ങളും ചമക്കപ്പെട്ടിരുന്നു. ഋണബാധിതരായ മുസ്‌ലിം കര്‍ഷകരില്‍നിന്ന് ജന്മിമാര്‍ നിഷ്‌കരുണം പലിശയും ഈടാക്കിയിരുന്നു. ഇവിടെ നിലനിന്നുപോന്നിരുന്ന ഭൂദാന സമ്പ്രദായത്തിലുടെ മുഖ്യമായും ബ്രാഹ്‌മണര്‍ക്കാണ് ഭൂമി നില്‍കിയിരുന്നത്. അതവരുടെ ആത്മീയ സേവനത്തിനുള്ള പ്രതിഫലമായിരുന്നു. ഇങ്ങനെ ഭൂമിയും രാജകീയ സംരക്ഷണവും ലഭിച്ച ബ്രാഹ്‌മണരുടെ അധികാരവും അന്തസും വര്‍ധിച്ചു. അവര്‍ ഭൂപ്രഭുക്കന്മാരുമായി. അങ്ങനെ ഭൂദാനം ജന്മിത്വത്തിന്റെയും കീഴ്‌ജന്മിത്വത്തിന്റെയും ആവിര്‍ഭാവത്തിന് കാരണമായപ്പോള്‍ കര്‍ഷകര്‍ അവരുടെ അടിയാളരായി മാറി.
ഭൂവുടമകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് കുടിയാന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഭൂപ്രഭുക്കന്മാര്‍ സമ്പന്നരായി. മുടിചൂടാമന്നരായ അവര്‍ക്ക് പലതരത്തിലുള്ള നികുതികളും സേവനങ്ങളും നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഫ്യൂഡല്‍ വ്യവസ്ഥയിലെ രണ്ട് പ്രധാന വര്‍ഗങ്ങളായ ഭൂപ്രഭുക്കന്മാരും അടിയാളരായ കര്‍ഷകരും മലബാറില്‍ ധ്രുവീകരിച്ചു. ഭരണസാരഥികള്‍ ബ്രാഹ്‌മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും നല്‍കിയ ഭൂദാനം ഫ്യൂഡലിസത്തിലേക്ക് വഴി തെളിയിച്ചു. ജന്മിവിരുദ്ധ മനോഭാവങ്ങളില്‍നിന്ന് മാപ്പിള ലഹളകളും കമ്മ്യൂണിസവും വളര്‍ന്നത് ശ്രദ്ധേയമാണ്.













