വാതിലുകള്‍ തുറക്കപ്പെടാതിരിക്കില്ല. ഇനി അവരെ അവന്‍ അതൃപ്‌തരാക്കുകയാണെങ്കില്‍, അവര്‍ തൃപ്‌തരാകുന്നത് വരെ അല്ലാഹു അവനോട് തൃപ്‌തനാകുന്നതല്ല. അവര്‍ അക്രമം ചെയ്‌താലോ എന്ന് ഒരാള്‍ ചോദിച്ചു. അവര്‍ അക്രമം ചെയ്‌താലും ശരി എന്ന് ഇബ്‌നു അബ്ബാസ്(റ) മറുപടി പറഞ്ഞു.'' ആഇശ(റ) പറയുന്നു: ഞാന്‍ റസൂലി(സ) നോട് സ്‌ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ കടമ ആരോടാണ് എന്ന് ചോദിച്ചു. ഭര്‍ത്താവിനോടാണ് എന്ന് അവിടുന്ന് മറുപടി പറഞ്ഞു. പുരുഷന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ കടമ ആരോടാണ് എന്ന് ചോദിച്ചപ്പോള്‍, ഉമ്മയോടാണ് എന്നായിരുന്നു മറുപടി.
മറ്റൊരു ഹദീസില്‍ ``നിന്റെ മാതാവിനോട് ആദ്യമായി നീ നല്ല നിലയില്‍ പെരുമാറുക. പിന്നീട് പിതാവിനോടും അതിനു ശേഷം സഹോദരിയോടും പിന്നീട് സഹോദരനോടും പിന്നെ അടുത്ത ആളുകളോടും പിന്നീട് അതിനടുത്ത ആളുകളോടും നല്ല നിലയില്‍ പെരുമാറുക. നിന്റെ അയല്‍ക്കാരെയും മറ്റാവശ്യക്കാരെയും മറക്കാതിരിക്കുക'' (കന്‍സ്)
ഒരു ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു. ``മൂന്നു കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടായിരുന്നാല്‍ അല്ലാഹു മരണത്തെ അയാള്‍ക്ക് എളുപ്പമാക്കി കൊടുക്കുന്നതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതുമാണ്. ബലഹീനന്മാരോട് കരുണ കാണിക്കുക, മാതാപിതാക്കളോട് സസ്‌നേഹം കാണിക്കുക, കീഴിലുള്ളവര്‍ക്ക് നന്മ ചെയ്യുക'' (മിള്‍്‌കാത്ത്). റസുല്‍(സ) അരുളിയതായി അനസ്(റ) പറയുന്നു. ``ആരെങ്കിലും തന്റെ ഉപജീവന വസ്‌തുക്കളില്‍ വിശാലതയുണ്ടാകണമെന്നും തന്റെ ചുവടടയാളങ്ങള്‍ പിന്തിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ ചാര്‍ച്ചയെ അടുപ്പിച്ചുകൊള്ളട്ടെ'' (ബുഖാരി-മുസ്‌ലിം).
അലി(റ)യില്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസ്: ``ഒരാള്‍ ഒരു കാര്യത്തിന്റെ ഉത്തരവാദിത്തമേല്‍ക്കുകയാ
ണെങ്കില്‍ ഞാന്‍ അവനു നാലു കാര്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കുന്നതാണ്. ഒരാള്‍ ചാര്‍ച്ചയെ അടുപ്പിക്കുകയാണെങ്കില്‍ അവനു ദീര്‍ഘായുസ്സുണ്ടാവുകയും ഉന്നതന്മാര്‍ അവനെ സ്‌നേഹിക്കുകയും അവന്റെ രിസ്‌ഖില്‍ വിശാലതയുണ്ടാവുകയും അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതാണ്'' (കന്‍സ്).
റസുല്‍(സ) അരുളിയതായി ഹസന്‍(റ) നിവേദനം: ``രണ്ടു ചവിട്ടടികള്‍ അല്ലാഹുവിന്റെയടുക്കല്‍ വളരെ പ്രിയങ്കരമായതാണ്. ഒന്ന് ഫര്‍ദ് നമസ്‌ക്കാരത്തിനായി പോകുന്ന ചുവടുകള്‍ രണ്ട് തന്റെ അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്ന ചുവടുകള്‍.''
മറ്റൊരു ഹദീസില്‍ ``ഏറ്റവും വേഗം പ്രതിഫലം ലഭിക്കുന്ന കര്‍മമാണ് ചാര്‍ച്ചയെ അടുപ്പിക്കല്‍. ചിലയാളുകള്‍ പാപങ്ങള്‍ ചെയ്യുന്നവരായിരിക്കും. എന്നാല്‍ ചാര്‍ച്ചയെ അടുപ്പിക്കുന്നതുകാരണമായി അവന്റെ ധനത്തിലും സന്താനങ്ങളിലും ബറക്കത്തുണ്ടാകുന്നതാണ്'' (ഇഹ്‌യാഅ്). ``സ്വദഖ വേണ്ടവിധം നല്ല രീതിയില്‍ നിര്‍വഹിക്കലും നല്ല കാര്യങ്ങള്‍ തെരഞ്ഞെടുക്കലും മാതാപിതാക്കള്‍ക്കു നന്മ ചെയ്യലും ചാര്‍ച്ചയെ അടുപ്പിക്കലും അനുഷ്യനെ ദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലെത്തിക്കുകയും ആയുസ്സിന് ദൈര്‍ഘ്യമുണ്ടാക്കുകയും ദുര്‍മരണത്തെ തടയുകയും ചെയ്യുന്നതാണ്'' (കന്‍സ്).
റസുല്‍(സ) അരുളി. ``സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ കുടുംബമാണ്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവന്‍ അവന്റെ കൂട്ടുകുടുംബത്തിനു നന്മ ചെയ്യുന്നവനാണ്'' (ബൈഹഖി). ``നിങ്ങള്‍ ഭൂമിയില്‍ താമസിക്കുന്നവരോട് കരുണകാണിക്കുക. നിങ്ങളോട് ആകാശത്തിലുള്ളവര്‍ കരുണ കാണിക്കും.''
റസുല്‍(സ) അരുളിയിരിക്കുന്നു. ``പകരത്തിനു പകരം ചെയ്യുന്നവനല്ല ചാര്‍ച്ചയെ അടുപ്പിക്കുന്നവന്‍. ചാര്‍ച്ചയെ അടുപ്പിക്കുന്നവന്‍ അവന്റെ ചാര്‍ച്ചയെ മുറിച്ചവനെ അടുപ്പിച്ചുവെക്കുന്നവനാണ്'' (ബുഖാരി).
റസൂല്‍(സ) അരുളിയതായി അബുഹ്‌റയ്‌റ(റ) നിവേദനം ചെയ്യുന്നു.: ``മനുഷ്യര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതുവരെയും യഥാര്‍ഥ ഈമാനില്‍ എത്തുന്നതല്ല. തന്നോടുബന്ധം മുറിക്കുന്നവനോട് ബന്ധം പുലര്‍ത്തുക. തന്നോട് അക്രമം ചെയ്‌തതവര്‍ക്കു മാപ്പു കൊടുക്കുക. തന്നെ ചീത്ത പറയുന്നവര്‍ക്കു പൊരുത്തപ്പെട്ടുകൊടുക്കുക. തന്നോട് തിന്മ ചെയ്യുന്നവര്‍ക്കു നന്മ ചെയ്യുക'' (ദുര്‍റുല്‍ മന്‍സൂര്‍).
മറ്റൊരു ഹദീസില്‍ വന്നിരിക്കുന്നു. ``അല്ലാഹു എല്ലാ പാപങ്ങളെയും അവന്‍ ഇഷ്ടപ്പെടുമ്പോള്‍ പൊറുത്തു കൊടുക്കുന്നു. എന്നാല്‍ മാതാപിതാക്കളോട് ബന്ധം വിടര്‍ത്തുന്നതിന്റെ ശിക്ഷ മരിക്കുന്നതിനു മുമ്പുതന്നെ കൊടുക്കുന്നതാണ്'' (മിശ്‌കാത്ത്). ധാരാളം ഹദീസുകള്‍ വഴി വന്ന ഒരു ആശയം താഴെ കൊടുക്കുന്നു. ``അല്ലാഹു ഖിയാമത്ത് നാളില്‍ റഹ്‌മിന് (ചാര്‍ച്ചക്ക്) സംസാരിക്കാനുള്ള നാക്ക് കൊടുക്കുന്ന താണ്. അത് അര്‍ശിനെ പിടിച്ച് ഇപ്രകാരം അപേക്ഷിച്ചു കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹുവേ ആര് എന്നെ ചേര്‍ത്തു വെച്ചോ നീ അവനെ ചേര്‍ത്തു വെക്കേണമേ ആര് എന്നെ മുറിച്ചു കളഞ്ഞോ അവനെ നീയും മുറിച്ചു കളയേണമേ.''
റഹ്‌മ് എന്ന വാക്ക് അല്ലാഹുവിന്റെ പരിശുദ്ധ നാമമായ റഹ്‌മാന്‍ എന്ന വാക്കില്‍നിന്നും എടുത്തിട്ടുള്ളതാണ്. റഹ്‌മിനെ(ചാര്‍ച്ചയെ) ചേര്‍ക്കുന്നവനെ റഹ്‌മാന്‍ ചേര്‍ത്തുവെക്കും. ചാര്‍ച്ചയെ മുറിക്കുന്നവനെ റഹ്‌മാന്‍ മുറിച്ചുകളയുന്നതാണ്. ``ഏതൊരു ജനത ചാര്‍ച്ചയെ മുറിച്ചുകളയുന്നുവോ ആ ജനതയുടെ മേല്‍ അല്ലാഹുവിന്റെ റഹമത്ത് ഇറങ്ങുന്നതല്ല.''
ഇത്രയും വിവരിച്ചതില്‍നിന്ന് കുടുംബബന്ധങ്ങള്‍ സൂക്ഷിക്കുന്നതിന്റെ മഹത്വവും പ്രാധാന്യവും അത് നശിപ്പിക്കുന്നതിന്റെ കെടുതിയും ശിക്ഷയും നാം മനസ്സിലാക്കി. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കുടുംബ സദസ്സുകള്‍ നമുക്ക് പ്രചോദനമാകട്ടെ. പരലോകത്തെ ലക്ഷ്യമാക്കി ആ ബന്ധങ്ങള്‍ മരണം വരെ ത്യാഗ മനസ്ഥിതിയോടെ നിലനിര്‍ത്താന്‍ ഓരോരുത്തരും ആഗ്രഹിക്കുക; പരിശ്രമിക്കുക, പ്രാര്‍ഥിക്കുക













